Sunday, September 26, 2010

Rain... Rain....







ഇന്നലെ പെയ്ത മഴയ്ക്ക്‌ മുഴുവന്‍ നിന്റെ ഓര്‍മ്മകളായിരുന്നു.
കൂടെ വന്ന കാറ്റിന്റെ കൈകള്‍ക്ക് നിന്റെ കുസൃതിയും
മഴ നനഞ്ഞു പറന്നുപോയ മിന്നാമിന്നി കുഞ്ഞിനു നിന്റെ ചിരിയും...

Tuesday, September 21, 2010

The Journey Never Ends


എന്നോ ഒരിക്കല്‍ ഇതിലെ പോയിട്ടില്ലേ ഞാന്‍?
വണ്ടിച്ചക്രങ്ങള്‍ പാളങ്ങളോട് കലമ്പുന്ന ഒച്ച കാതോര്‍ത്തും
അതിനേക്കാള്‍ ഉച്ചത്തില്‍ മിടിക്കുന്ന ഹൃദയത്തെ
പാടുപെട്ടു നെഞ്ചകത്ത് തളച്ചും

സമയസൂചിക്കിന്നു വേഗം പോരാത്തതെന്തെന്നു
വേവലാതിപ്പെട്ടും

അവിടെയെന്നെ കാത്തുനിന്ന് ഉഴറുന്ന
കണ്ണുകളെ ഓര്‍ത്തു വെമ്പലാര്‍ന്നും
ഞാന്‍ പിന്നിട്ട പാത.

ഇന്നും ദൂരെനിന്നു കണ്ടു ഒരുനോക്ക്...
എവിടെയും എത്താതെ, എത്തിക്കാതെ
നീണ്ടു നീണ്ടു കിടക്കുന്നു.
നിസ്സംഗമായി.
നിര്‍വ്വികാരമായി.
ഒരിക്കലും ഒന്നിക്കാതെ സമാന്തരമായി.

Friday, September 17, 2010

Blossom


ഇന്നലത്തെ മഴയില്‍ മുറ്റത്തു വിരിഞ്ഞൊരു പേരറിയാപ്പൂവ്.

Sunday, September 12, 2010

End of an Aimless Drive




എപ്പോഴും എന്നോടൊപ്പം ഉണ്ട് അവള്‍..
ഞാന്‍ ചിരിക്കുമ്പോള്‍ എന്റെ കൂടെ ചിരിക്കും
എന്റെ ഹൃദയം തുള്ളിച്ചാടുമ്പോള്‍ അവള്‍ക്കും വേഗം കൂടും...
എന്റെ മനസ്സ് വിങ്ങുമ്പോള്‍ മങ്ങിയ ചില്ലിലൂടെ അവള്‍ സൂക്ഷിച്ചുനോക്കും..
എന്നിട്ട് സീറ്റ് ബെല്ട്ടുകൊണ്ട് എന്നെ കെട്ടിപ്പിടിക്കും.

ഇന്ന് ഈ വഴിയരികില്‍ ഞങ്ങള്‍ നിന്നു.
അറ്റം കാണാത്ത ഒഴിഞ്ഞ പാത നീണ്ടു നീണ്ടു കിടന്നു.
നെല്‍പ്പാടങ്ങള്‍ക്കും കരിമ്പനകള്‍ക്കും അപ്പുറത്ത് നിന്നു
തണുത്ത കാറ്റിന്റെ തോളിലേറി പറന്നു വന്നു ഒരു മഴ.

ഒത്തിരി ഒത്തിരി ഓര്‍മ്മകളുമായി
എന്റെ അടുത്തൊരിടം ഒഴിഞ്ഞുകിടന്നു.
ഒറ്റയ്ക്കിരിക്കുമ്പോള്‍ കാണാനായി സൂക്ഷിച്ചുവെച്ച അവന്റെ അക്ഷരങ്ങള്‍
കണ്ണീര്‍ പാടയില്‍ പെട്ട് കലങ്ങിച്ചിതറി.

എന്റെ കണ്ണ് നിറഞ്ഞപ്പോള്‍
അവളുടെ കണ്ണിലും നീര്‍ പൊടിഞ്ഞു.
എന്തൊക്കെയോ എന്നോട് പറയാതെ പറഞ്ഞു,
പാവം എന്റെ നീലക്കുട്ടി.